സുവർണ്ണ കാലഘട്ടത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം:
മനുഷ്യചരിത്രത്തിലെ "സുവർണ്ണകാലഘട്ടം"
മനുഷ്യചരിത്രത്തിലെ സുവർണ്ണകാലഘട്ടം ഒരു തിരിഞ്ഞുനോട്ടം:
ഈ കാലഘട്ടം ആദിമ മനുഷ്യന് തന്റെ സ്രഷ്ടാവുമായിട്ടുണ്ടായിരുന്ന അടുത്ത ബന്ധത്തിൽ അധിഷ്ഠിതമായിരുന്നു.
സംസ്കാരത്തിന്റെ ഉറവിടം ആരംഭിക്കുന്നത് മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലമായ ഏദൻ തോട്ടത്തിലെ ജീവിതം മുതലാണ്.
അവിടുത്തെ ജീവിതം ഒന്നാം മനുഷ്യനും സ്ത്രീക്കും ആനന്ദകരമായിരുന്നു.
ദൈനംദിനം അവരുടെ ജീവിതം അർത്ഥപൂര്ണവും സംതൃപ്‍തവുമായിരുന്നു.
അവരുടെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയിരുന്നു. ഞാൻ എവിടെ നിന്നു വന്നു? എങ്ങോട്ട് പോകുന്നു? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? ഉത്തരത്തിനായി ബുദ്ധിയുള്ള മനുഷ്യന് എങ്ങോട്ട് തിരിയാൻ കഴിയുമായിരുന്നു? തന്നെക്കാൾ ബുദ്ധിശക്തിയുള്ള സ്രഷ്ടാവിലേക്ക് തിരിയുന്നതല്ലേ ന്യായവും ഉചിതവുമായ ഗതി. തീർച്ചയായും!
ഒന്നാം മനുഷ്യന് ദൈവം തന്നെക്കുറിച്ചും തന്റെ സൃഷ്ടികളെക്കുറിച്ചും ആവശ്യമായ അറിവ് നേരിട്ടു നൽകി. ദൈവത്താൽ ലഭിച്ച പ്രാഥമിക അറിവുകൾ അവന്റെ ജിജ്ഞാസ യെ തൃപ്തിപ്പെടുത്താൻ മതിയായതാ യിരുന്നു. കൂടുതൽ കാര്യങ്ങൾ മനുഷ്യൻതന്നെ കണ്ടു പഠിക്കണമെന്ന് ദൈവം ആഗ്രഹിച്ചു.
സത്യത്തേക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നതിൽ ഈ സുവർണ്ണ കാലഘട്ടം വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.
ദൈവം മനുഷ്യനോട് സംസാരിച്ച കാര്യങ്ങൾ സത്യമായിരുന്നു.
ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചത് യഹോവ എന്ന് നാമമുള്ള ദൈവമാണ്.
അവർക്കുവേണ്ടി ഏദൻ തോട്ടം ഉണ്ടാക്കിയത് യഹോവയാം ദൈവമാണ്.
അവരെ സൃഷ്ടിച്ചത് നിലത്തെ പൊടി കൊ ണ്ടായിരുന്നു എന്നതും സത്യമാണ്.
അവർ ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാനാണ് അവരെ സൃഷ്ടിച്ചത് എന്നതും വാസ്തവമാണ്.
അവരുടെ മരണം, മുന്നറിയിപ്പ് അവഗണി ച്ചതും തങ്ങളുടെ സ്നേഹവാനായ പിതാവിനോടുള്ള അനുസരണക്കേടാ യിരുന്നു എന്നതും സത്യമാണ്.
ഭൂമിയിൽ മനുഷ്യൻ ആസ്തിക്യത്തിലേക്കു വരുത്തപ്പെടുന്നതിനു മുമ്പുതന്നെ മറ്റു ജീവജാലങ്ങളെ ദൈവം സൃഷ്ടിച്ചിരുന്നു എന്നതും സത്യമാണ്.
ജീവിക്കാൻ അനുയോജ്യമായ ഒരിടമാക്കി ഭൂമിയെ ഒരുക്കിയതിൽ ദൈവത്തിന്റെ സ്നേഹവും ദീർഘവീക്ഷണവും സ്നേഹ പൂർവമായ കരുതലുകളും കാണപ്പെടുന്നു.
വിസ്തൃതമായ ആകാശങ്ങൾ, അവയുടെ മനോഹാരിത, ഭൂമിയിലെ വ്യത്യസ്ത ജീവിവർഗങ്ങൾ അവയുടെ നിറം, ആകൃതി, വലിപ്പം എല്ലാം മനുഷ്യന് ആനന്തം പകർന്നു.
ആദം "ദൈവത്തിന്റെ മകൻ" ആയിരുന്നു. ഭൗമീക സൃഷ്ടികളിൽ ആദ്യത്തെ പൂർണതയുള്ള മനുഷ്യൻ.
ഒരു പിതാവിന്റെ സ്നേഹവും, വാത്സല്യവും, ആദം അനുഭവിച്ചിരുന്നു. ദയയും അനുകമ്പയും, ആദരവുമുള്ള പിതാവിന്റെ വാക്കുകൾ മനുഷ്യനെ ദൈവത്തോട് കൂടുതൽ അടുപ്പിച്ചു.
അതുപോലെ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പ്രചോദനം മനുഷ്യനും ഉണ്ടാകണം എന്ന് യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് ദൈവത്തിന്റെ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കി. ദൈവത്തിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിക്കാൻ കഴിയേണ്ടതിന് മനുഷ്യൻ നന്ദിയും വിലമതിപ്പും ഉള്ളവൻ ആയിരിക്കണം.
അവൻ ദൈവത്തെ ജീവന്റെ ഉറവായ "സ്വർഗീയ പിതാവ്" ആയും സ്രഷ്ടാവായ "സത്യദൈവം" ആയും തിരിച്ചറിയുകയും അവനെ സ്നേഹിക്കുകയും വേണം.
സകലത്തിന്റെയും സ്രഷ്ടാവായതുകൊണ്ട് ദൈവം സകലത്തിന്റെയും പരമാധികാരി ആണെന്ന കാര്യവും മനുഷ്യൻ മനസ്സിലാക്ക ണമെന്ന് ദൈവം ആഗ്രഹിച്ചു.
അവനിൽ ആരാധനയുടെ ആവശ്യം ഉൾനട്ടു.
ഭൗതീകാവശ്യങ്ങൾ നിറവേറ്റപ്പെടുന്നതു പോലെ തന്നെ ആത്മീയ ആവശ്യങ്ങളും നിറവേറ്റപ്പെടണം. അതിനുവേണ്ടി മനുഷ്യൻ ശ്രമിക്കുകയും വേണമായിരുന്നു.
അങ്ങനെ ഒന്നാം മനുഷ്യൻ മുതൽത്തന്നെ ഒരു ശുദ്ധസംസ്കാരം ഉണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് "സുവർണ്ണ കാലഘട്ടം" ആദിമ മനുഷ്യന്റെ ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ടതാകണം.
ഏറ്റവും പ്രധാനമായി, അവന്റെ ആരാധനയുമായി, സ്രഷ്ടാവിന് മാത്രം കൊടുക്കേണ്ട ശുദ്ധമായ ആരാധനയുമായി ബന്ധപ്പെട്ട അവിഭാജ്യ ഘടകമായിരുന്നിരിക്കണം.
സാമൂഹികമായും, സാംസ്‌കാരികമായും ഏറ്റവും ഉയർന്ന അവസ്ഥയിലായിരുന്നു ഒന്നാം മനുഷ്യനായ ആദാമും ഒന്നാമത്തെ സ്ത്രീയായ ഹവ്വയും എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
സ്രഷ്ടാവുമായുള്ള അടുത്ത ബന്ധത്തിലും ശുദ്ധമായ ആരാധന നടത്തുന്നതിലും
ദൈവത്തിന്റെ ഗുണങ്ങൾ ജീവിതത്തിൽ പകർത്തുന്നതും ദൈവത്തെ അനുകരിച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്നതും ആയിരിക്കണം യഥാർത്ഥ സംസ്കാരം.
അങ്ങനെ ഒരു ശുദ്ധമായ സംസ്ക്കാരം ഭൂമിയിൽ ഒരിടത്തും ഇന്ന് നമുക്ക് കാണാൻ കഴിയില്ല..
അതുകൊണ്ട് ഏദൻ തോട്ടത്തിൽ ഒന്നാം മനുഷ്യനും ഒന്നാം സ്ത്രീയും ആസ്വദിച്ച സന്തോഷകരമായ ജീവിതത്തെ നമുക്ക് മനുഷ്യ ചരിത്രത്തിലെ "സുവർണ്ണ കാലഘട്ടം" എന്ന് വിളിക്കുന്നത് ഉചിതമാണ്.
എന്നിരുന്നാലും ദുഃഖകരമെന്നു പറയട്ടെ, മനുഷ്യൻ ദൈവത്തോട് മത്സരിച്ചു അവനിൽ നിന്നും അകന്നുമാറി. അവന്റെ സ്വതന്ത്ര ഇച്ഛാശക്തി ദുരുപയോഗം ചെയ്തു
ദൈവത്തിനു അപമാനം വരുത്തി. ദൈവത്തിന്റെ പേര് മറ്റു സൃഷ്ടികളുടെ മുമ്പാകെ കളങ്കപ്പെടുകയും നിന്ദിക്കുകയും
ചെയ്തു.
അങ്ങനെ ദൈവത്തോട് പാപം ചെയ്ത മനുഷ്യൻ ശുദ്ധമായ സംസ്ക്കാരം ത്യജിച്ചു കളഞ്ഞു. അവരുടെ സന്തതി പരമ്പരകൾ ഇന്നോളം വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത സംസ്കാരങ്ങളിൽ പ്രതിഫലിപ്പിക്കുന്നത് മത്സരത്തിന്റെയും സ്വാർത്ഥതയുടെയും ദുഷിച്ച ആത്മാവാണ്.
അതുകൊണ്ട് ചോദ്യം ഇതാണ്. ഭാവിയിൽ എന്നെങ്കിലും ഒരു ശുദ്ധമായ സംസ്കാരം ഭൂമിയിൽ ഉണ്ടാകുമോ? തീർച്ചയായും!
ദൈവത്തിന്റെ ഉദ്ദേശത്തിന് ഒരിക്കലും മാറ്റം വരില്ല. അത് അവൻ നിവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
https://kcv-37.blogspot.com
e-mail: kcv1914@gmail.com
Comments
Post a Comment