EXISTANCE OF MAN - TRUTH WHAT? Part 2.

ഒഴിവാക്കേണ്ട ചില കാര്യങ്ങൾ:
ആദ്യ മനുഷ്യനെക്കുറിച്ചു ചിന്തിക്കുമ്പോൾ 
നമ്മൾ ഒഴിവാക്കേണ്ട സുപ്രധാനമായ ചില 
കാര്യങ്ങളുണ്ട്.  അവ താഴെ കൊടുക്കുന്നു :

1.  ദേശം:
   ദേശത്തിന്റെയും, ഭാഷയുടെയും,  ജാതിയുടെയും, വർഗത്തിന്റെയും അടിസ്ഥാനത്തിൽ ഒന്നാം മനുഷ്യനെ 
അന്വേഷിക്കുന്നത്  നിരര്ഥകമാണ്. 

ആദിമ മനുഷ്യൻ ഏതു ദേശത്തു ജനിച്ചു 
എന്ന് അവകാശപ്പെട്ടാലും ആ സ്ഥലത്തിന്ന് 
വലിയ പ്രാധാന്യമൊന്നും ഇല്ല.  കാരണം, 
നൂറ്റാണ്ടുകൾകൊണ്ട് ഭൂമിക്കുതന്നെ പല 
മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.  കര കടലായും 
കടൽ കരയായും മാറിപ്പോയിട്ടുണ്ട്. 

പർവതങ്ങൾ നിലംപരിചാകയും താഴ്‌വരകൾ കുന്നുകളായും മാറ്റപ്പെട്ടിട്ടുണ്ട്.  ഭൂമിയിൽ മഹാപ്രളയങ്ങളും സാംസ്‌കാരിക അധഃപതനങ്ങളും ഉണ്ടായിട്ടുണ്ട്.  അതുകൊണ്ട് ദേശത്തിന്റെ പ്രാധാന്യം നമുക്ക് തല്ക്കാലം അവഗണിക്കാം. 

2. ജാതി:
ഒന്നാം മനുഷ്യന്റെ ജാതി ഏതായിരുന്നു? 
ജാതിയെക്കുറിച്ചു പറയുമ്പോൾ നിങ്ങളുടെ 
മനസ്സിലേക്ക് വരുന്ന ചിന്ത എന്താണ്? 

മേൽജാതി, കീഴ്ജാതി, സ്വജാതിക്കാരൻ, 
വിജാതിയൻ എന്നിങ്ങനെയാണോ?  അങ്ങിനെ ചിന്തിച്ചാൽ നാം ഒരിക്കലും 
പ്രബുദ്ധരാണ് എന്ന് പറയാൻ കഴിയില്ല. 

"മനുഷ്യജാതി " എന്ന് പറയാൻ ഒരു മനുഷ്യൻ 
മാത്രമേ ഉണ്ടായിരുന്നുള്ളു.   ഒരാൾ മാത്രമുള്ളപ്പോൾ മേൽജാതി, കീഴ്ജാതി 
എന്നു പറയുന്നത് ഉചിതമാണോ?  അവിടെ 
സ്വജാതിയുമില്ല വിജാതിയനുമില്ല.  മനുഷ്യൻ 
എന്ന ഒറ്റ ജാതി.   അതുകൊണ്ട് മനുഷ്യന്റെ 
പേരിനൊപ്പം "ജാതി പേര് " ചേർക്കുന്നത് 
എത്ര ലജ്ജാകരമാണ്. 

നിന്നെ തിരിച്ചറിയിക്കുന്നത് ജാതിയല്ല. നിന്റെ സുന്ദരമായ പേരാണ്. നിന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ എല്ലാവരും തിരിച്ചറിയും. 
രാമൻ എന്തെങ്കിലും മോഷ്ടിച്ചാൽ അവനെ 
പിന്നീട് "കള്ളൻ രാമു " എന്നറിയപ്പെടും. 
തോമസ് ഒരു ഡോക്ടർ ആയാൽ "ഡോക്ടർ 
തോമസ് " എന്നു ആളുകൾ വിളിക്കും. 

എന്നാൽ പേരിനൊപ്പം ജാതി ചേർക്കുമ്പോൾ 
ഒരാൾ ചെയ്യുന്ന മോശമായ പ്രവൃത്തിക്ക് ആ 
ജാതിയിലെ സകലമാനപേരും അറിയാതെതന്നെ ഉത്തരവാദിത്വം ഏൽക്കേണ്ട ഗതികേടിലാണ് ഇന്നത്തെ ലോകം.   അത് സ്പർദ്ധക്കും കലഹത്തിനും 
അസൂയയിലേക്കും പിന്നെ കുലപാതകത്തിലേക്കും നയിക്കുന്നു. 

നമ്മുടെ കാലത്തു ഭീകരപ്രവർത്തനം പോലും മതത്തിന്റെയും ജാതിയുടെയും പേരിൽ 
ആണല്ലോ കാണപ്പെടുന്നത്.  ഭൂമിയിലെ 
സമാധാനം കെടുത്തിക്കളയുന്ന ജാതിചിന്ത 
ഒഴിവാക്കേണ്ടതിന്റെ എത്ര ശക്തമായ 
കാരണങ്ങളാണ് ഇവയെല്ലാം. 

ദേശം  ഭാഷ, ജാതി, വർഗം എന്നീ അടിസ്ഥാനത്തിൽ  ഒന്നാം മനുഷ്യനെ 
വിലയിരുത്തുന്നത് എത്ര മൗഢ്യം!    ഈ വക 
കാര്യങ്ങളിൽ നിന്ന് ഒന്നാം മനുഷ്യൻ 
സ്വതന്ത്രനായിരുന്നു എന്നറിയുന്നത് നമുക്ക് 
സന്തോഷം ഉള്ള കാര്യമല്ലേ. 

3. ഭാഷ:
ബുദ്ധിശക്തിയുള്ള മനുഷ്യന്റെ ഏറ്റവും 
സവിശേഷമായ ഒരു പ്രത്യേകതയാണ് 
സംസാരിക്കാനുള്ള കഴിവ്.   വളരെ 
സങ്കീർണമായ ആശയവിനിമയ രീതികൾ മനുഷ്യരിൽ കാണപ്പെടുന്നു. 

ഭാഷ ഒരിക്കലും ഭൂപ്രകൃതിയുടെയോ 
കാലാവസ്‌ഥകളുടെയോ ഉത്പന്നമല്ല. 
അത് തികച്ചും സാമൂഹികമാണ്. 

അനേകം ഭാഷകളുണ്ട്.  ഭാഷാക്കൂട്ടങ്ങൾ 
ഉണ്ട്. ഒറ്റപ്പെട്ട ഭാഷയുണ്ട്. ഒരേ കാലത്തും 
പലകാലത്തും രൂപപ്പെട്ട ഭാഷകളുണ്ട്. 
ഇപ്പോൾ പോലും പുതിയ ഭാഷകൾ കണ്ടു 
പിടിച്ചുകൊണ്ടിരിക്കുന്നു.  അതുകൊണ്ട് 
ആദിമ മനുഷ്യൻ ഏതു ഭാഷക്കാരനായിരുന്നു എന്നത് ഒരു പ്രധാനപ്പെട്ട വിഷയമായി എടുക്കേണ്ടതില്ല. 

എല്ലാ ഭാഷയ്ക്കും അതാത് ഭാഷയുടെ 
സൗന്ദര്യവും മഹത്വവും ഉണ്ടല്ലോ.   ഒന്ന് 
ശ്രേഷ്ഠമായത് മറ്റൊന്ന് ശ്രേഷ്ഠത കുറഞ്ഞത് എന്നിങ്ങനെ തരംതിരിച്ചു വീക്ഷിക്കേണ്ട ആവശ്യമില്ല. 

മറ്റൊരു സംഗതി,  കാലം കടന്നുപോകുന്തോറും ഭാഷയ്ക്കു തന്നെ 
പല മാറ്റങ്ങളുണ്ടാകും.  സംസാര രീതിയിലും 
എഴുത്തിലും മാറ്റം ദൃശ്യമാണ്. 

4. വർഗം:
ഒന്നാം മനുഷ്യൻ "മനുഷ്യ വർഗ " ത്തിലെ 
പ്രഥമ വ്യക്തിയാണ്. അതുകൊണ്ട് പല 
വർഗ്ഗങ്ങൾ ഇല്ല. "മനുഷ്യവർഗം " എന്ന ഒറ്റ 
വർഗ്ഗമേ ഉള്ളു. 

പിന്നെയുള്ളത് മൃഗവർഗം - ഉരഗവർഗങ്ങൾ 
പക്ഷി വർഗ്ഗങ്ങൾ മൽസ്യവര്ഗങ്ങൾ, 
സസ്തനികൾ എന്നിവയാണ്.  അവയൊക്കെ മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോൾ 
വ്യത്യസ്ത വര്ഗങ്ങളാണ്.  

എന്നാൽ മനുഷ്യവർഗം മൃഗങ്ങളെക്കാൾ 
ശ്രേഷ്ഠമാണ്.  എന്നുവെച്ചു മനുഷ്യരുടെ 
ഇടയിൽ പ്രത്യേക ശ്രേഷ്ഠതയുള്ള വർഗം 
ഇല്ല.  മനുഷ്യവർഗ്ഗത്തിലെ ഓരോ വ്യക്തിയും 
ശ്രേഷ്ഠരാണ്.  അവർ ഒരേ ജീവൻ ആസ്വദിക്കുന്നു.  ഇതിന്റെ പ്രാധാന്യം 
മനസ്സിലാക്കി ഓരോരുത്തരും ജീവിക്കുമ്പോൾ നാം ഒന്ന് എന്ന ചിന്തയിൽ 
ഐക്യവും സന്തോഷവും അനുഭവിക്കാം. 

(തുടരും )




Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.