മാതൃദിനം -മഹനീയം !

ഒരു  പഴമൊഴി : "കാക്കയ്ക്കും തൻ കുഞ്ഞു പൊൻകുഞ്ഞു. "  പെറ്റമ്മ പറയും: "നീയെന്റെ  പുന്നാരമോനാണ് ",  "ഞാൻ  വയറുകഴുകി പെറ്റതാണ്  നിന്നെ ". അമ്മയുടെ ആർദ്രതയുടെയും,  വാത്സല്യത്തിന്റെയും,  സ്നേഹത്തിന്റെയും പ്രകടനമാണ്  ആ വാക്കുകളിൽ നിഴലിക്കുന്നത്. ഇത്തരം  ആർദ്രവികാരങ്ങൾ ഒരമ്മയിൽ മാത്രമേ നമുക്ക് കാണാൻ  കഴിയുകയുള്ളു. നമ്മുടെ ശൈശവകാലം, ചെറുപ്പകാലം, യവ്വനകാലം ഒക്കെ അമ്മയുമായി  ബന്ധപ്പെട്ട മധുരസ്മരണകളാണ് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവാത്ത ലളിതമായ സത്യമാണ് - അത്  നമുക്ക് സ്വന്തം !

ആഘോഷദിനം 
മാതൃദിനം മെയ്‌  മാസത്തിൽ രണ്ടാമത്തെ ഞായറാഴ്ച ആഘോഷിച്ചുവരുന്നു എന്ന കാര്യം എല്ലാവർക്കും  അറിയാം. 
അമ്മയോടുള്ള ബഹുമാനം ഒരു പ്രത്യേക ദിവസത്തിൽ മാത്രമായി ഒതുക്കി നിർത്തേണ്ടതാണോ എന്ന കാര്യം ആലോചിക്കേണ്ടതാണ്. നമ്മുടെ  കുട്ടികളിൽ എത്രമാത്രം പ്രഭാവം ചെലുത്തുന്നു എന്ന് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചും.  അവർക്ക് ക്വിസ്  ചോദ്യങ്ങളായോ, ഒരു പരീക്ഷ ചോദ്യമായോ മാത്രം പ്രാധാന്യമേ കാണുന്നുള്ളൂ എങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം, ഇന്ന് മുതിർന്നവർ വൃദ്ധകളായ സ്ത്രീകളോട് മാത്രമല്ല കൊച്ചു പൈതങ്ങളോട് പോലും ഇടപെടുന്ന  രീതി മാന്യമായതോ മാതൃകാപരമോ അല്ല.  മക്കൾ  പെറ്റമ്മയ്ക്കു ഒരു ആശംസ കാർഡ് അയക്കുന്നതും ഒരു  സമ്മാനം പാർസൽ വഴി അയക്കുന്നതും നല്ലതാണെകിലും അതിൽ യാതൊരു വിധ സ്നേഹവികാരങ്ങൾ പ്രകടിപ്പിക്കാൻ തുലോം അസാധ്യമാണ്. 

നമുക്ക് ഒരമ്മയുടെ ആർദ്ര വികാരങ്ങൾ അനുഭവിക്കാൻ അവസരം ലഭിച്ചിട്ടുണ്ടാകാം. എന്നാൽ അനേകർക്ക്‌ അത്  ലഭിച്ചിട്ടില്ല. ഒരു  വ്യത്യസ്ത രീതിയിൽ ജനിച്ചു വളർന്നതിന്റെ പേരിൽ അല്ലെങ്കിൽ പെറ്റമ്മയുടെ വാത്സല്യം അനുഭവിക്കാൻ അവസരം നിഷേധിക്കപ്പെട്ടവരുണ്ട്.  അങ്ങനെയുള്ളവർ വിഷമിക്കേണ്ട. നിങ്ങൾക്ക് ആശ്വാസം ലഭിക്കും. 


ആശ്വാസം എങ്ങിനെ ലഭിക്കും? 

നമുക്ക്  വേണ്ടത് തിരിച്ചറിവാണ്. പെറ്റമ്മയുടെ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനങ്ങൾ നിസ്വാർത്ഥമാണ് എന്ന് ആദ്യം തന്നെ തിരിച്ചറിയണം.  അത് സ്വാഭാവികം ആണ്. അതിൽ  കൃത്രിമത്വം ഒട്ടും തന്നെ  ഇല്ല. നമ്മൾ സിനിമയിലും സീരിയലിലും ഒക്കെ കാണുന്ന അമ്മമാരുടെ അഭിനയം പോലെയല്ല. അതൊക്കെ പണത്തിനുവേണ്ടി സംവിധായകരുടെ നിർദേശങ്ങൾ അനുസരിക്കുന്നതിന്റ വെറും പുറംപൂച്ചാണ്. എന്നുവച്ചാൽ വളരെ ആത്മാർത്ഥയുണ്ടെന്നു തോന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വാസ്തവം എത്രയോ അകലെയാണ്. 


നിസ്വാർത്ഥസ്നേഹം 
തന്റെ കുഞ്ഞിനുവേണ്ട വാത്സല്യത്തിന്റെയും ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും മറ്റു കരുതലുകളുടെയും കാര്യം വരുമ്പോൾ ഒരമ്മയ്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. തന്റെ  സ്വന്തം ആവശ്യങ്ങളേക്കാൾ കുഞ്ഞിന് ശ്രന്ധ കൊടുക്കാൻ ആഗ്രഹിക്കുന്നു.  കുഞ്ഞിന് ആവശ്യമായ ഭക്ഷണം കൊടുക്കുക, കളിപ്പിക്കുക, തലോടുക, ഇക്കിളിപ്പെടുത്തുക, കുളിപ്പിക്കുക ഉമ്മവക്കുക, വസ്ത്രം മാറ്റുക, മരുന്നുകൊടുക്കുക, ഉറക്കുക എന്നിവയൊക്കെ ചെയ്യുമ്പോൾ പലപ്പോഴും തന്റെ ആവശ്യങ്ങൾ അമ്മ മറന്നുപോകും. തന്റെ വിശപ്പിനേക്കാൾ പ്രാധാന്യം കുഞ്ഞിൻറെ വിശപ്പടക്കുക എന്നതിൽ ശ്രദ്ധിക്കുന്നു.  കുഞ്ഞിനെ സ്വസ്ഥമായി ഉറക്കി കിടത്തിയിട്ടേ അമ്മയുടെ സ്വന്തം കാര്യങ്ങളിലേക്ക് തിരിയൂ. 

വിലയേറിയ ഗുണങ്ങൾ 
 മറ്റു കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും അമ്മയ്ക്കു സ്വന്തം കുഞ്ഞിന്റെ മേൽ ഒരു കണ്ണുണ്ട്. കുഞ്ഞിന്റെ  ചലനങ്ങൾ മനസിലാക്കാൻ ഇടയ്ക്കൊക്കെ വന്നുനോക്കും.   ഉറക്കം  ഉണർന്നോ, ചിരിക്കുകയാണോ, സ്വപ്നം കാണുകയാണോ,  ഉടുപ്പ് മുഖത്തേക്ക് വീണിട്ടുണ്ടോ എന്നെല്ലാം  ശ്രദ്ധിക്കും.  ഒരു  അമ്മ  കുട്ടിയുടെ ഭാവിയിലേക്ക് വേണ്ടിയും കരുതാറുണ്ട്.  അവൾ കുഞ്ഞിന്റെ ജീവൻ സ്നേഹിക്കുന്നു.  ഒരുകൈ സഹായത്തിനു കുട്ടിയെ പിതാവിനെ ഏൽപ്പിക്കുമ്പോൾ അപ്പോഴും ശ്രദ്ധിക്കും. എങ്ങിനെയാണ് കുട്ടിയെ എടുക്കുന്നത്? അധികസമയം ഇക്കിളിപ്പെടുത്തുന്നുണ്ടോ? കുട്ടിയോട് സംസാരിക്കുണ്ടോ? എത്ര സമയം നോക്കും?  കുട്ടി  കരയാൻ തുടങ്ങുമ്പോൾ അച്ഛനെക്കാൾ അമ്മ കരച്ചിൽ മാറ്റാൻ  ശ്രമിക്കും.  കുട്ടിയെ ഒക്കത്തുവച്ചു സംസാരിക്കും മടിയിൽ വച്ചു ആട്ടുകയും പാട്ടുപാടുകയും തോളത്തുകിടത്തി തലോടുകയും ചെയ്യും.  അങ്ങനെ  ഓരോ കുട്ടിക്കും അമ്മയോട് കൂടുതൽ വൈകാരിക അടുപ്പം തോന്നുന്നു. 

ശിക്ഷണം കൊടുക്കുന്നു 
ശിക്ഷണം കൊടുക്കാനുള്ള   
പറ്റിയ സമയം മുലയൂട്ടുന്ന സമയമാണ്. സ്‌നേഹമുള്ള മാതാവ് കൊഞ്ചി കൊഞ്ചി സംസാരിക്കുകയും വാത്സല്യം കാണിക്കുകയും അതേസമയം ശരിയും തെറ്റും മനസ്സിലാക്കാൻ സഹായിക്കുന്നു. 
മുലയൂട്ടുമ്പോൾ കുട്ടി കടിക്കും,  വേദനിക്കും. അമ്മ കണ്ണുരുട്ടും, കുട്ടിക്ക് മനസിലായി ഇത് ചെയ്യാൻ പാടില്ലാത്തതാണ്.  പക്ഷെ, ഈ സമയത്തു കുട്ടികൾ സ്നേഹപ്രകടനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.  വീണ്ടും  കടിച്ചേക്കാം.  അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്ക് കേൾക്കാൻ കുഞ്ഞിന് ആകാംക്ഷയാണ്. "ങേ," " ഓ "ശബ്ദം വേണ്ട, വേണ്ട എന്ന് അവന്റെ മനസ്സിൽ താളം കൊട്ടും. അവന്റെ  കള്ളച്ചിരി അമ്മയും  ഇഷ്ടപ്പെടുന്നു. "മോനെ ", "മോളെ "എന്ന വിളി കേൾക്കാൻ കുട്ടി  ആഗ്രഹിക്കുന്നു.  ആർദ്ര മനസിന്റെയും സന്മനസിന്റെയും ഉടമയായ അമ്മ നമ്മുടെ  എല്ലാവരുടെയും ബഹുമാനം ആദരവും അർഹിക്കുന്നു എന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല. 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.